Wednesday, June 27, 2012

XI. ഒറ്റ മാര്‍ക്കു മാത്രം




ഒരു വര്‍ഷത്തെ ദുഖാചരണം കഴിഞ്ഞു. ഒട്ടൊക്കെ സമാധാനപ്പെട്ട അമ്മൂമ്മ വല്ലപ്പോഴും അതിഥികളെ— ഏറെയും ഞങ്ങളുടെ പ്രായത്തിലുള്ള കുട്ടികളാണ് —സ്വീകരിച്ചു തുടങ്ങി.
ലുബോഷ്കയുടെ പിറന്നാളായ ഡിസമ്പര്‍ 13നു കൊണ്കൊഫ് രാജകുമാരിയും അവരുടെ പെണ്മക്കളും മാഡം വലാഖിന്‍, സോനെച്ക, ഇലിങ്ക ഗ്രാപ്‌, ഇവിന്‍സ്‌ കുടുംബത്തിലെ രണ്ടു കുട്ടികള്‍ ഇവരോടൊപ്പം ഉച്ചയൂണിന് മുമ്പായി വന്നെത്തി. ഇരിപ്പ് മുറിയില്‍ നിന്നും വര്‍ത്തമാനവും ചിരിയും അനക്കങ്ങളും കേട്ടെങ്കിലും രാവിലത്തെ പാഠങ്ങള്‍ കഴിയുന്നതിനു മുമ്പ് പാര്‍ടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ‘തിങ്കള്‍: രണ്ടു മുതല്‍ മൂന്നു വരെ ചരിത്രവും ഭൂമിശാസ്ത്രവും’ എന്ന് ഞങ്ങള്ടെ പഠനമുറിയില്‍ എഴുതി വച്ചിരുന്നു. ഇനി ഈ നാശംപിടിച്ച ചരിത്ര ക്ലാസ്സ് തുടങ്ങാന്‍ ഞങ്ങള്‍ കാത്തിരിക്കണം, പിന്നെ അത് മുഴുവന്‍ കേട്ട് പഠിക്കണം. അപ്പോഴേ വിടുതലുള്ളൂ. അപ്പോള്‍ത്തന്നെ സമയം രണ്ടേ ഇരുപതായിരുന്നു. മാസ്റ്റരുടെ യാതൊരു വിവരവുമില്ല താനും. അയാളെങ്ങാന്‍ വരുന്നുണ്ടോ എന്ന് ഞാന്‍ ആധിയോടെ, വലിയ അക്ഷമയോടെ നിരത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു. അയാള്‍ വരല്ലേ എന്ന് കഠിനമായി ആശിച്ചു.
“ഇന്നിനി മാസ്റ്റര്‍ വരില്ലെന്നാണ് തോന്നുന്നത്”, പാഠപുസ്തകത്തില്‍ നിന്ന് ഇടയ്ക്കൊന്നു കണ്ണുയര്‍ത്തി വോലോദ പറഞ്ഞു.
“വരല്ലേ ഈശ്വരാ!,” ഞാന്‍ ഒട്ടൊരു നിരാശയില്‍ പറഞ്ഞു. എന്നാലും അയാള്‍ വരുന്നുന്ടെന്നു തന്നെ തോന്നുന്നു.”
“ഏയ്‌! അതയാളല്ല. വേറെ ഏതോ നല്ല മനുഷ്യന്‍!” വോലോദയും ജനലിലൂടെ നോക്കിക്കൊണ്ട് പറഞ്ഞു. “നമുക്ക് രണ്ടര വരെ കാക്കാം. എന്നിട്ടും കണ്ടില്ലെങ്കില്‍, ജെറോം മാസ്റ്റരോട് അനുവാദം ചോദിച്ച് പുസ്തങ്ങളൊക്കെ മടക്കി വയ്ക്കാം.”
“അതെ. എന്നിട്ടവയോട് സലാം പറയാം”, ഞാന്‍ പുസ്തം പിടിച്ച കയ്യ് തലയ്ക്കു മേല്‍ ഉയര്‍ത്തി മൂരി നിവര്‍ന്നു കൊണ്ട് പറഞ്ഞു. ഇത്ര നേരവും വെറുതെ കളഞ്ഞ ഞാന്‍ ഇപ്പോള്‍ പുസ്തകം തുറന്നു ഇനി പഠിപ്പിക്കാനുള്ള പാഠം എടുത്തു പഠിക്കാന്‍ തുടങ്ങി. അതൊരു നീണ്ട, പ്രയാസമേറിയ പാഠമായിരുന്നു. അതുമല്ല, എന്റെ ശ്രദ്ധ എവിടെയും ഉറച്ചു നില്‍ക്കാന്‍ കൂട്ടാക്കിയതുമില്ല. അതുകൊണ്ട് എന്‍റെ പഠനം എവിടെയുമെത്തിയില്ല. ചരിത്രത്തിലെ കഴിഞ്ഞ പാഠത്തിനു ശേഷം ചരിത്രം പഠിപ്പിക്കുന്ന മാസ്റ്റര്‍ ജെറോം മാസ്റ്റരോട് എന്നെപ്പറ്റി പരാതിപ്പെട്ടിരുന്നു. എനിക്ക് ആകെ രണ്ടു മാര്‍ക്ക് മാത്രമാണ് കിട്ടിയിരുന്നത്. എനിക്കാ വിഷയം വളരെ പാടായിരുന്നു താനും; വല്ലാതെ മടുപ്പിക്കുന്നതും. അടുത്ത പാഠത്തിനു മൂന്നു മാര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ കടുത്ത ശിക്ഷയുണ്ടാകുമെന്നു ജെറോം മാസ്റ്റര്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു. അടുത്ത പാഠം ഇതാ തുടങ്ങാറായി. എനിക്ക് സത്യത്തില്‍ നല്ല പേടിയുണ്ടായിരുന്നു.
ഒടുവില്‍ ഞാന്‍ വായനയില്‍ പൂര്‍ണമായും മുഴുകി. അടുത്ത മുറിയില്‍ ബൂട്ടുകളഴിക്കു വയ്ക്കുന്ന ശബ്ദം എന്നെ ഞെട്ടിച്ചു. ഒന്ന് തല പൊക്കി നോക്കുമ്പോഴെയ്ക്കും ഞൊറി വച്ച, പിച്ചളക്കുടുക്കുകളുള്ള നീലക്കോട്ടണിഞ്ഞ മാസ്റ്റരുടെ ദാസ്യ ഭാവമുള്ള, (എനിക്ക്) അറപ്പുണ്ടാക്കുന്ന മുഖം വാതിലിനടുത്ത് കണ്ടു.
മെല്ലെ തന്‍റെ തൊപ്പിയും പുസ്തകങ്ങളും താഴെ വച്ച്, കോട്ടിന്‍റെ ഞൊറികള്‍ നേരെയാക്കി (അതൊരത്യാവശ്യമാണെന്ന മട്ടില്‍) അയാള്‍ തന്‍റെ സ്ഥാനത്തിരുന്നു. 
“ശരി”, കയ്യുകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് മാസ്റ്റര്‍ പറഞ്ഞു, ആദ്യം നമുക്ക് ഇന്നലെ പഠിച്ച ഭാഗങ്ങള്‍ ഓര്‍ത്തു നോക്കാം എന്നിട്ട് ഞാന്‍ മധ്യകാലത്തെ തുടര്‍ന്ന് വരുന്ന സംഭവങ്ങള്‍ വിവരിക്കാം.”
അതിന്റെ അര്‍ഥം “ഇന്നലെ പഠിപ്പിച്ച ഭാഗങ്ങള്‍ ആവര്‍ത്തിക്കൂ” എന്നായിരുന്നു. വോലോദ വിഷയം ശരിക്കറിയുന്ന ആത്മവിശ്വാസത്തില്‍, എളുപ്പത്തില്‍ മാസ്റ്റരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അലക്ഷ്യമായി കോണിക്കടുത്തു ചെന്നു. താഴെയ്ക്കു പോകാന്‍ അനുവാദമില്ലതിരുന്നത് കൊണ്ട് കരുതിക്കൂട്ടിയല്ലെങ്കിലും ഞാന്‍ കോണികൂടിന്റെ ഭാഗത്തേക്ക് മുഖം തിരിച്ചു നില്‍പ്പായി. എന്‍റെ സ്ഥിരം താവളമായ വാതിലിനു പിന്നിലേയ്ക്ക് മാറുന്നതിന്‍ മുമ്പായി മിമി (എല്ലായ്പ്പോഴും എന്റെ ദൌര്ഭാഗ്യങ്ങള്‍ക്ക് കാരണക്കാരി അവര്‍ തന്നെ!) എന്‍റെ മേല്‍ ചാടി വീണു.
“നീയെന്താ ഇവിടെ?” അവര്‍ ആദ്യം എന്നെയും പിന്നെ വേലക്കാരികളുടെ മുറിയുടെ വാതിലും രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു.
എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഒന്നാമത് ഞാന്‍ പഠനമുറിയിലല്ല; പിന്നെ നിഷിദ്ധമായ ഒരിടത്താണ് താനും. ഞാന്‍ മൌനമായി തല താഴ്ത്തി മാപ്പപേക്ഷിക്കുന്ന ദയനീയ ഭാവത്തോടെ നിന്നു.
“ഇത് വല്യ കഷ്ടം തന്നെ.” മിമി പറഞ്ഞു: “എന്താ നീയിവിടെ ചെയ്യുന്നത്?”
ഞാനപ്പോഴും ഒന്നും പറഞ്ഞില്ല.
“ഇത് ഇങ്ങനെ പോവില്ല,” അഴികളില്‍ തന്‍റെ മഞ്ഞച്ച വിരലുകള്‍ കൊണ്ട് മുട്ടിക്കൊണ്ട് അവര്‍ പറഞ്ഞു, ഞാനിത് പ്രഭ്വിയെ അറിയിക്കും.”
മൂന്നിനഞ്ചു മിനിട്ടുള്ളപ്പോഴാണ് ഞാന്‍ തിരികെ പഠനമുറിയിലെത്തിയത്. മാസ്റ്റര്‍ എന്‍റെ പോക്കുവരവുകളറിയാതെ വോലോദയ്ക്കു പുതിയ പാഠം പറഞ്ഞുകൊടുക്കുകയായിരുന്നു. അത് കഴിഞ്ഞു അയാള്‍ പുസ്തകങ്ങളെല്ലാം അടുക്കി വച്ചപ്പോള്‍ (വോലോദ മാസ്റ്റരുടെ ടിക്കറ്റെടുക്കാന്‍ അടുത്ത മുറിയിലേയ്ക്ക് പോയിരുന്നു) പ്രശ്നമൊന്നുമില്ലെന്നും, ഒരുപക്ഷെ മാസ്റ്റര്‍ എന്‍റെ കാര്യം മറന്നു പോയിരിക്കുമെന്നുമുള്ള ഒരു ആശ്വാസചിന്ത എനിക്കുണ്ടായി.
പക്ഷെ, പെട്ടെന്നദ്ദേഹം വെറുപ്പ്‌ നിറഞ്ഞ ഒരു ചിരിയോടെ എന്‍റെ നേരെ തിരിഞ്ഞു വീണ്ടും കൈകളുരസിക്കൊണ്ട് പറഞ്ഞു: “നീ പാഠം പഠിച്ചു കഴിഞ്ഞല്ലോ, അല്ലെ?”. 
“ഉവ്വ്,” ഞാന്‍ പറഞ്ഞു.
“എന്നാല്‍ ദയവായി വിശുദ്ധ ലൂയിസിന്റെ കുരിശുയുദ്ധത്തെപ്പറ്റി ചില കാര്യങ്ങള്‍ പറയാമോ?,” തന്‍റെ കസേരയില്‍ ഒന്നിളകിയിരുന്ന് പാദങ്ങളിലെയ്ക്ക് ഗൌരവത്തോടെ നോക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു. “ആദ്യമായി, ആ ഫ്രഞ്ച് രാജാവ് കുരിശു വരിക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയായിരുന്നു? (അന്നേരം അദ്ദേഹം തന്‍റെ പുരികങ്ങള്‍ ഉര്‍ത്തി മഷിത്തട്ടിനു നേര്‍ക്ക്‌ നോക്കി); പിന്നെ കുരിശുയുദ്ധത്തിന്‍റെ പൊതുസ്വഭാവങ്ങള്‍ വിവരിയ്ക്കൂ (ഇപ്പോള്‍ അദ്ദേഹം തന്‍റെ കൈ വീശി എന്തോ പിടിക്കാന്‍ പോകുന്ന തരം ആംഗ്യം കാണിച്ചു.); അവസാനമായി, ഈ യുദ്ധങ്ങള്‍ യൂറോപ്യന്‍ നാടുകളെ പൊതുവായും (കോപ്പി പുസ്തകങ്ങള്‍ ഇടതു വശത്തേയ്ക്ക് മാറ്റി വച്ചു കൊണ്ട്) ഫ്രാന്‍സിനെ വിശേഷിച്ചും (അവയിലൊന്ന് വലതു വശത്തേയ്ക്ക് മാറ്റി തന്‍റെ തലയും അതെ വശത്തേക്ക് തിരിച്ചു കൊണ്ട്) എങ്ങനെ സ്വാധീനിച്ചു എന്ന് വിശദമാക്കൂ.”
ഞാന്‍ പലകുറി ഉമിനീരിറക്കി, ചുമച്ച്, ഒന്ന് കുനിഞ്ഞ്‌ മിണ്ടാതെ നിന്നു. പിന്നീട് മേശമേല്‍ നിന്നൊരു പെന്നെടുത്തു അതിന്റെ ഭാഗങ്ങള്‍ അഴിച്ചെടുത്തിട്ടു മൌനമായിത്തന്നെ നിന്നു.
“പെന്നു തരൂ. അതെനിക്കാവശ്യമുണ്ട്,” മാസ്റ്റര്‍ പറഞ്ഞു. “ഉം! പറയൂ.”
“ലൂയിസ്—എന്ന –ആ-- വിശുദ്ധന്‍--വളരെ—–ആ--വളരെ—നല്ലവനും ബുദ്ധിമാനുമായ രാജാവായിരുന്നു.”
“എന്ത്?”
“രാജാവ്. അദ്ദേഹം ജെരുസലെമിലെയ്ക്ക് പോകാന്‍ തീരുമാനിച്ചു. എന്നിട്ട് തന്‍റെ രാജ്യത്തിന്‍റെ കടിഞ്ഞാണ്‍ സ്വന്തം മാതാവിനെ ഏല്‍പ്പിച്ചു.”
“എന്തായിരുന്നു അവരുടെ പേര്?”
“ബ്—ബ്--ബ് ബ്ലാങ്ക.”
“എന്ത്? ബെലാങ്കയോ?”
ഞാന്‍ ബുദ്ധിമുട്ടി ചിരിച്ചു.
“ഇത്രയേ അറിയുള്ളൂ?”, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
ഇനിയിപ്പോള്‍ എന്താ എന്നായി ഞാന്‍. വായില്‍ത്തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. ഞാന്‍ പല കഷ്ണങ്ങളാക്കി മേശമേല്‍ വിതറിയിട്ടിരുന്ന പേന നേരെയാക്കിക്കൊണ്ട് മാസ്റ്റര്‍ മിണ്ടാതിരുന്നു. ഇടയ്ക്കിടെ എന്‍റെ കാതിനപ്പുറത്തു ചുമരിലേയ്ക്ക് ഗൌരവമായി നോക്കിക്കൊണ്ട് “അത് ശരി, അത് ശരി” എന്ന് പറഞ്ഞു കൊണ്ടിരുന്നു. എനിക്ക് ഒന്നുമറിയില്ലെന്നും പറയുന്നതൊക്കെ തെറ്റാണെന്നും ബോധ്യമുണ്ടായിരുന്നെന്കിലും മാസ്റ്റര്‍ എന്നെ തിരുത്തുകയോ ഇടയില്‍ എന്തെങ്കിലും പറയുകയോ ചെയ്യാതിരുന്നത് എന്നെ സങ്കടപ്പെടുത്തി.
“അദ്ദേഹം ജെരുസലെമിലെയ്ക്ക് പോവാനെന്താ കാരണം?” ഒടുവില്‍ മാസ്റ്റര്‍ എന്‍റെ തന്നെ ചില വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് ചോദിച്ചു.
“കാരണം—കാരണം—അതായത്---“
എനിക്കിപ്പോള്‍ ഒന്നും തോന്നാതായി. ഞാന്‍ മിണ്ടാതെ നിന്നു. ഈ വെറുപ്പിക്കുന്ന ചരിത്ര മാസ്റ്റര്‍ ഒരു കൊല്ലം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നാലും, മുഖത്തേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ടേയിരുന്നാലും ഇനി ഒരക്ഷരം പോലും പുറപ്പെടുവിക്കാന്‍ എനിക്കാവില്ലെന്നു തോന്നി. ഏതാണ്ട് മൂന്നു മിനിട്ട് നേരം എന്നെ തുറിച്ചു നോക്കിയിട്ട് ആദ്ദേഹം പൊടുന്നനെ ഖേദഭാവത്തില്‍ മുഖം താഴ്ത്തി ക്ഷോഭം നിറഞ്ഞ ശബ്ദത്തില്‍ വോലോദയോട് (അവന്‍ മുറിയിലേയ്ക്ക് കടന്നു വരികയായിരുന്നു) പറഞ്ഞു:
“രജിസ്ടര്‍ കൊണ്ട് വരൂ. ഞാന്‍ എന്‍റെ അഭിപ്രായങ്ങള്‍ എഴുതട്ടെ”.
അദ്ദേഹം എന്തോ ആലോചിച്ചു കൊണ്ട് പുസ്തകം തുറന്നു തന്‍റെ മനോഹരമായ കൈപ്പടയില്‍ വോലോദയ്ക്കു ശുഷ്കാന്തിക്കും നല്ല പെരുമാറ്റത്തിനും അയ്യഞ്ചു മാര്‍ക്ക് വീതം കൊടുത്തു. എന്നിട്ട് എന്‍റെ മാര്‍ക്കെഴുതേണ്ട വരിയില്‍ പേന വച്ച് എന്നെത്തന്നെ നോക്കിക്കൊണ്ട് ഒരു നിമിഷം നിന്നു. പിന്നെ, എന്തോ തീരുമാനിച്ച പോലെ എന്‍റെ പേരിനു താഴെ വ്യക്തമായ, ഉറപ്പിച്ച ഒരു ‘ഒന്ന്’ എഴുതി. എന്നിട്ട് ഒരു പൂര്‍ണ്ണവിരാമവും ഇട്ടു. പെരുമാറ്റത്തിന് നേരെയും ഒരു ഒന്നും പിന്നൊരു പൂര്‍ണ്ണവിരാമവും! മെല്ലെ പുസ്തകമടച്ചു എന്‍റെ അപേക്ഷയും നിരാശയും കുറ്റപ്പെടുത്തലും കലര്‍ന്ന നോട്ടം അറിയുകപോലും ചെയ്യാത്തമട്ടില്‍  മാസ്റ്റര്‍ എണീറ്റ്‌ വാതിലിനു നേരെ നടന്നു.
“മൈക്കല്‍ ലവിയോനിച്!” ഞാന്‍ പറഞ്ഞു.
“ഇല്ല,” ഞാന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് മുമ്പേ അറിയാവുന്ന പോലെ അദ്ദേഹം പറഞ്ഞു. “ഈ മട്ടില്‍ നിനക്ക് പഠിക്കാന്‍ പറ്റില്ല. ഒന്നും ചെയ്യാതെ ശമ്പളം വാങ്ങാന്‍ എനിക്കും പറ്റില്ല.”
അദ്ദേഹം തന്‍റെ ബൂട്ടുകളും മേല്ക്കുപ്പായവുമിട്ടു. എന്നിട്ട് സാവധാനം കുഴുത്തില്‍ ഒരു തൂവാല ചുറ്റി. എന്‍റെ ഈ അവസ്ഥയില്‍ ഇത്തരം നിസ്സാര സംഗതികള്‍ അദ്ദേഹത്തിനു എങ്ങനെ ശ്രദ്ധിക്കാന്‍ കഴിയുന്നു! അദ്ദേഹത്തിനത് പേന കൊണ്ടുള്ള ഒരു നിസ്സാരവര മാത്രം. എനിക്കോ, ഭീഷണമായ ദൌര്‍ഭാഗ്യവും!
“പാഠം കഴിഞ്ഞോ?” എന്ന് ചോദിച്ചു കൊണ്ട് ജെറോം മാസ്റ്റര്‍ കടന്നു വന്നു.
“ഉം”, വോലോദ പറഞ്ഞു.
“മാസ്റ്റര്‍ക്ക് നിന്നെക്കുറിച്ചു പരാതിയൊന്നുമില്ലല്ലോ?”
“ഇല്ല”
“എത്ര മാര്‍ക്ക് കിട്ടി?”
“അഞ്ച്‌”
“നിക്കോളാസിനോ?”
ഞാന്‍ ഒന്നും മിണ്ടിയില്ല.
“നാലാണെന്നു തോന്നുന്നു,” വോലോദ പറഞ്ഞു. ഇന്നത്തെക്കെന്കിലും എന്നെ രക്ഷിക്കാനായിരുന്നു അവന്‍റെ ശ്രമം. ശിക്ഷ നിര്‍ബന്ധമാണെങ്കില്‍ അത് അതിഥികള്‍ പോയ ശേഷം ആവാമല്ലോ.
“നമുക്ക് നോക്കാം! (ജെറോം മാസ്റ്റര്‍ എല്ലായ്പ്പോഴും “നോക്കാം, നോക്കാം” എന്ന് പറഞ്ഞു കൊണ്ടിരിക്കും.) “എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് നമുക്ക് നോക്കാം”.

No comments:

Post a Comment