Thursday, May 26, 2011

കല്ലുമായുള്ള സംഭാഷണം

Conversation with a Stone
By Wislawa Symborska


ഞാന്‍ കല്ലിന്റെ ഉമ്മറ ‍വാതിലില്‍ മുട്ടുന്നു.
"ഇത് ഞാനാണ്. എന്നെ അകത്തു വരാന്‍ അനുവദിക്കൂ.
എനിക്ക് നിന്റെ അകത്തളങ്ങളില്‍ വരണം.
ഒന്ന് ചുറ്റി നടന്നു കാണണം.
ശ്വാസകോശങ്ങളില്‍ നിന്നെ നിറയ്ക്കണം."

"കടന്നു പോ", കല്ല്‌ കല്‍പ്പിക്കുന്നു.
"ഞാന്‍ ഇറുകെ അടഞ്ഞിരിക്കുകയാണ്.
നീ എന്നെ പൊട്ടിച്ചു കഷ്ണങ്ങള്‍ ആക്കിയാലും
ഞങ്ങളെല്ലാം അടഞ്ഞു തന്നെ ഇരിക്കും.
നീ ഞങ്ങളെ പൊടിച്ചു മണല്‍ ആക്കി നോക്കൂ
അപ്പോഴും ഞങ്ങള്‍ നിന്നെ അകത്തു കടത്തില്ല."

ഞാന്‍ കല്ലിന്റെ ഉമ്മറ ‍വാതിലില്‍ മുട്ടുന്നു.
"ഇത് ഞാനാണ്. എന്നെ അകത്തു വരാന്‍ അനുവദിക്കൂ.
ഞാന്‍ ഇവിടെ എത്തിയത് വെറും കൌതുകം കൊണ്ട്.
ജീവിതത്തിനു മാത്രമേ അത് ശമിപ്പിക്കാനാവൂ.
നിന്റെ കൊട്ടാരത്തില്‍ വെറുതെയൊന്നുലാത്താന്‍ മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
എന്നിട്ട് വേണം എനിക്ക് ഇലയെ, വെള്ളത്തുള്ളിയെ തേടി പോവാന്‍.
ഏറെ സമയമില്ലെനിയ്ക്ക്.
എന്റെ മര്ത്യത ഓര്‍ത്തെങ്കിലും..."

"ഞാന്‍ കല്ല്‌ കൊണ്ടുണ്ടാക്കപ്പെട്ടതാണ്", കല്ല്‌ പറയുന്നു.
"അതുകൊണ്ട് തന്നെ എനിക്കെന്റെ ഗൌരവം കാക്കണം.
കടന്നു പോ.
എനിക്ക് ചിരിക്കാനുള്ള പേശികള്‍ ഇല്ല."

ഞാന്‍ കല്ലിന്റെ ഉമ്മറ ‍വാതിലില്‍ മുട്ടുന്നു.
"ഇത് ഞാനാണ്. എന്നെ അകത്തു വരാന്‍ അനുവദിക്കൂ.
നിന്റെ ഉള്ളില്‍ ഗംഭീരമായ, ശൂന്യമായ അറകള്‍ ഉണ്ടെന്നു ഞാന്‍ കേട്ടിരിക്കുന്നു.
ആരും കാണാതെ പാഴായിപ്പോകുന്ന സൌന്ദര്യം.
ആരുടെ കാലടിയും പ്രതിധ്വനിക്കാതെ, ശബ്ദരഹിതം.
അവ നിനക്ക് തന്നെ ശരിക്ക് അറിയില്ലെന്ന് സമ്മതിച്ചേക്കൂ".

"ഗംഭീരവും ശൂന്യവും തന്നെ", കല്ല്‌ പറയുന്നു.
"എന്നാല്‍ അറകള്‍ ഒന്നുമേയില്ല.
സുന്ദരം തന്നെയാവണം,
എന്നാല്‍ നിന്റെ ദരിദ്രമായ ഇന്ദ്രിയങ്ങളുടെ അഭിരുചിക്ക് ചേരാത്തത്.
നിനക്ക് എന്നെ അറിയാന്‍ ആയേക്കാം, എങ്കിലും മുഴുവന്‍ അറിയാന്‍ ആവില്ല.
എന്റെ ഉപരിതലം നിന്നിലേക്ക്‌ തിരിഞ്ഞിരിക്കുന്നു.
അകത്തളങ്ങള്‍ നിന്നില്‍ നിന്ന് അകന്നും.

ഞാന്‍ കല്ലിന്റെ ഉമ്മറ ‍വാതിലില്‍ മുട്ടുന്നു.
"ഇത് ഞാനാണ്. എന്നെ അകത്തു വരാന്‍ അനുവദിക്കൂ.
എന്നെന്നേയ്ക്കും അഭയം ചോദിച്ചു വന്നതല്ല ഞാന്‍.
അസന്തുഷ്ടയല്ല
വീടില്ലാത്തവളും അല്ല.
മടങ്ങിച്ചെല്ലാന്‍ കൊള്ളാവുന്നതാണ് എന്റെ ലോകം.
ഞാന്‍ വെറുംകയ്യോടെ അകത്തേക്ക് വരാം, അങ്ങനെതന്നെ ഇറങ്ങിപ്പോവുകയും ആവാം.
ഞാന്‍ ഇവിടെയുണ്ടായിരുന്നതിനു തെളിവ്
വെറും വാക്കുകള്‍ മാത്രം.
അവ ആരും വിശ്വസിക്കുകയുമില്ല."

"നീ അകത്തു കയറിക്കൂടാ", കല്ല്‌ പറയുന്നു.
"നിനക്ക് പങ്കെടുക്കലിന്റെ ധാരണ ഇല്ല.
മറ്റേതു ധാരണയും ഇതിനു പകരമാകുകയുമില്ല.
കാഴ്ച ഏറിയേറി സകലം കാണാമെന്നു വന്നാല്‍ പോലും
പങ്കെടുക്കലിന്റെ ധാരണ ഇല്ലാത്ത നിനക്ക് അത് ഒരു ഗുണവും ചെയ്യില്ല.
നീ അകത്തു കയറിക്കൂടാ, ആ ധാരണ എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ധാരണ മാത്രമേ നിനക്കുള്ളൂ.
അതിന്റെ വിത്ത്, ഭാവന, മാത്രം."

ഞാന്‍ കല്ലിന്റെ ഉമ്മറ ‍വാതിലില്‍ മുട്ടുന്നു.
"ഇത് ഞാനാണ്. എന്നെ അകത്തു വരാന്‍ അനുവദിക്കൂ.
എനിക്ക് രണ്ടായിരം നൂറ്റാണ്ടുകള്‍ ആയുസ്സില്ല.
അതിനാല്‍, നിന്റെ മേല്‍ക്കൂരയ്ക്കു കീഴിലേക്ക് എന്നെ ഒന്നു കടത്തിവിടൂ."

"നീ എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍," കല്ല്‌ പറയുന്നു.
"ഇലയോട് ചോദിക്കൂ. അത് നിന്നോട് ഇക്കാര്യം തന്നെ പറയും.
വെള്ളത്തുള്ളിയോടു ചോദിക്കൂ, ഇല പറഞ്ഞ കാര്യം തന്നെ അതും പറയും.
ഒടുവില്‍, നിന്റെ തന്നെ തലയിലെ ഒരു മുടിയിഴയോട് ചോദിക്കൂ.
ഞാന്‍ ചിരിച്ചു ചിരിച്ചു പൊട്ടാന്‍ പോവുന്നു.
അതെ, ചിരി, വിശാലമായ ചിരി.
എനിക്ക് ചിരിക്കാന്‍ അറിയില്ലെങ്കിലും."

ഞാന്‍ കല്ലിന്റെ ഉമ്മറ ‍വാതിലില്‍ മുട്ടുന്നു.
"ഇത് ഞാനാണ്. എന്നെ അകത്തു വരാന്‍ അനുവദിക്കൂ."

"എനിക്ക് വാതിലേ ഇല്ല", കല്ല്‌ പറയുന്നു.